---
title: "രണ്ടാഴ്ചയായിട്ടും സിന്ധുവിനെക്കുറിച്ച് വിവരമില്ല ; കുടുംബാംഗങ്ങൾ ഉൾപ്പടെ നിരാശയിൽ"
english_title: "Even after two weeks there is no information about Sindhu; Despair including family members"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/263084/Even after two weeks there is no information about Sindhu; Despair including family members"
published_at: "2025-01-13T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784ddc5080ff_1000541969.jpg"
keywords: []
---

# രണ്ടാഴ്ചയായിട്ടും സിന്ധുവിനെക്കുറിച്ച് വിവരമില്ല ; കുടുംബാംഗങ്ങൾ ഉൾപ്പടെ നിരാശയിൽ

> **Lead Summary:** കൂത്തുപറമ്പ് : കണ്ണവം വനത്തിൽ കാണാതായ യുവതിയെ രണ്ടാഴ്ചയായിട്ടും കണ്ടെത്താനായില്ല. ഇത് കുടുംബാംഗങ്ങളെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തുകയാണ്. ഡിസംബർ 31നാണ് കണ്ണവം നഗറിലെ പെരുനാൻ കുമാരന്റെ മകൾ എൻ സിന്ധു വിനെ വനത്തിനകത്ത് വച്ചു കാണാതായത്. കാട്ടിൽ വിറക് ശേഖരിക്കാൻ പോയ സിന്ധുവിനെ പറ്റി പിന്നീട് ഒരു വിവരവും ലഭിക്കുകയുണ്ടായില്ല. ഉൾവനത്തിൽ വഴിതെറ്റി പോയതാകാം എന്നായിരുന്നു ആദ്യം കരുതിയത്.

## Article Content

കൂത്തുപറമ്പ് : കണ്ണവം വനത്തിൽ കാണാതായ യുവതിയെ രണ്ടാഴ്ചയായിട്ടും കണ്ടെത്താനായില്ല. ഇത് കുടുംബാംഗങ്ങളെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തുകയാണ്. ഡിസംബർ 31നാണ് കണ്ണവം നഗറിലെ പെരുനാൻ കുമാരന്റെ മകൾ എൻ സിന്ധു വിനെ വനത്തിനകത്ത് വച്ചു കാണാതായത്. കാട്ടിൽ വിറക് ശേഖരിക്കാൻ പോയ സിന്ധുവിനെ പറ്റി പിന്നീട് ഒരു വിവരവും ലഭിക്കുകയുണ്ടായില്ല. ഉൾവനത്തിൽ വഴിതെറ്റി പോയതാകാം എന്നായിരുന്നു ആദ്യം കരുതിയത്.

പോലീസും വനപാലകരും നാട്ടുകാരും ചേർന്ന് ദിവസങ്ങളായി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഒരു തുമ്പ് പോലും ഇതുവരെ ലഭിച്ചിട്ടില്ല. വന്യമൃഗങ്ങൾ വിഹരിക്കുന്ന വനത്തിൽ 15 കിലോമീറ്റർ ഓളം ചുറ്റളവിലാണ് വനപാലകർ ഉൾപ്പെടെയുള്ള സംഘം തിരച്ചിൽ നടത്തിവരുന്നത്. ഉൾക്കാടുകൾ, ജലാശയങ്ങൾ, കിണറുകൾ ഉൾപ്പെടെ എല്ലായിടത്തും തിരച്ചിൽ നടത്തി. ഞായറാഴ്ച റഡാറിന്റെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. വനമേഖലയിൽ ജനിച്ചു വളർന്ന യുവതി ആയതിനാൽ കാടിനെ പറ്റി നല്ല ധാരണയുള്ള വ്യക്തി കൂടിയാണ്. വഴിതെറ്റിയതാണെങ്കിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ സമീപത്തെ ഏതെങ്കിലും ഒരു സ്ഥലത്ത് എത്തേണ്ടതായിരുന്നു. ഇതാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്. യുവതിയുടെ വീട്ടിലെത്തിയ കെപി മോഹനൻ എംഎൽഎ സംഭവം ഉന്നത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം പാട്യം പഞ്ചായത്ത് പ്രസിഡണ്ട് ഷിനിയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നു.പിന്നാലെ തണ്ടർബോൾട്ട് സംഘവും വനത്തിലെത്തിയിരുന്നു. കണ്ണവം സി ഐ കെ വി ഉമേഷ്, ഫോറസ്റ്റ് ഓഫീസർ കെ ജിജിൻ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കി. ഞായറാഴ്ച റഡാർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ യാതൊരു പുരോഗതിയുമുണ്ടായില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/263084/Even after two weeks there is no information about Sindhu; Despair including family members)